2013, നവംബർ 15, വെള്ളിയാഴ്‌ച

സഹയാത്രിക

എന്റെ യാത്രയിലെ 
വഴികളിലെപ്പോഴോ          
സഹയാത്രിയായ് ..
അവള്‍ ഉണ്ടായിരുന്നു,
സന്തോഷം......
അവള്‍ വാചാലയായിരുന്നു 
വഴിയുടനീളം
വാക്ചാതുര്യമണിഞ്ഞവള്‍ 
പാതിവഴിയില്‍ 
വഴിപിരിഞ്ഞുപോയി..

പിന്നീടെപ്പോഴോ 
സഹയാത്രിയായ്‌ 
അവള്‍ എത്തി ..ദു:ഖം...
അവള്‍ മൌനിയായിരുന്നു 
അവളുടെ മൌനം 
എന്നോടുള്ള ആത്മാര്‍ഥതയായ്‌ 
നിലകൊള്ളുന്നു 
സഹയാത്രിയായ്‌ വഴിപിരിയാതെ 
എനിക്കൊപ്പം സഞ്ചരിക്കും ദു:ഖമേ ..
നീയേ ശാശ്വതമെന്നറിയുന്നു ഞാന്‍.

2013, നവംബർ 5, ചൊവ്വാഴ്ച

രാവിന്റെ സൌരഭ്യം



രാവിന്റെ ഉറക്കുപാട്ട്......അസ്തമിക്കാറായ നിലാവ് ..!!!
ഭൂമിയിലൂടിഴയുന്ന തണുത്ത രാവ്..

നിശ്ശബ്ധയായ് അവള്‍ ഇഴയുന്നു.
അതാ!അവള്‍ ആ വൃക്ഷച്ച്ചുവട്ടില്‍ ,
ആ വൃക്ഷത്തേയും വിഴുങ്ങി
വൃക്ഷത്തിന്റെ നിഴലിനേയും കട്ടെടുത്തു ..

പുല്ക്കൊടികളെ ആലിംഗനം ചെയ്യുന്ന 
അവളുടെ പുതപ്പിന്റെ മര്‍മ്മരം ഞാന്‍ കേള്‍ക്കുന്നു 
അവളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇരുളിന്റെ സൌരഭ്യം..
അനന്തമായ ആകാശത്തിലും,ഭൂമിയിലും,
വായുവിലും എല്ലായിടത്തും അവള്‍ വാരി വിതറി ..
ഞാനൊളിച്ചിരിക്കുന്ന മുറിക്കുള്ളിലും അവളെത്തി 
ഏകയായ എനിക്ക് കൂട്ടിനെന്നോണം .....
പക്ഷെ..,മുറിക്കുള്ളില്‍ മുനിഞ്ഞു കത്തുന്ന 
മെഴുകുതിരി വെട്ടത്തെ കെടുത്താനവള്‍ക്കായില്ല 
ഞാന്‍ രാവിനെ തുറിച്ചു നോക്കി
തികഞ്ഞ ഗൌരവത്തോടെ അവള്‍ എന്നെയും
തുറിച്ചുനോക്കുന്നു ഒരു ചെറുപുഞ്ചിരിയോടെ 
നിനക്ക് ഞാനില്ലേ എന്ന ഭാവത്തില്‍ ....
മുനിഞ്ഞ വെട്ടമണച്ചു,അവളിലെ 
അന്ധകാരത്തെ ഏറെ സ്നേഹിച്ച് 
അവളിന്‍ അഗാധതയില്‍ ഞാന്‍ അലിഞ്ഞിറങ്ങട്ടെ ....... 



സുമ എഴുത്തച്ഛൻ 








2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

'' രാവിൻ ശൂന്യതയിൽ ''

    '' രാവിൻ ശൂന്യതയിൽ ''

നിദ്രാവിഹീനമാമീ നിശയിൽ
മഴതൻ ശീല്ക്കാരമെൻ കർണ്ണ -

പുടങ്ങളെ തഴുകിയെൻ ശയ്യയിൽ
ധ്യാനിച്ചു ഞാനീ രാവിൻ ശൂന്യതയെ
ഓർമ്മകൾ തൻ പേമാരി വർഷത്തിൽ
വിചിത്രമാം മനംവ്യാകുലമായീ -
ജീവിതത്താളിൻ കണക്കുകൾ മറിക്കുമ്പോൾ
കൂട്ടിയും, കിഴിച്ചും,
ഗുണിച്ചും,ഹരിച്ചും ശിഷ്ട ലഭ്യം നഷ്ട സുഗന്ധത്തിൻ വേദനപൂക്കൾ
കണ്ണീരിൻ ഉപ്പെൻ കൂടപ്പിറപ്പായ്
അറിയുന്നുഞാൻ ശാശ്വത
മായെന്നും ദു:ഖം മാത്രം
വേദനതൻ പാഴ്ക്കടങ്ങളെ ....
നിന്നെയെൻ തൂലിക
ഈ മഴതൻ ആർദ്രസംഗീതമായ്
ഈ നിശതൻ ശ്യാമസൌന്ദര്യമായ്
നിശാഗന്ധിതൻ സുഗന്ധമായ്‌
അക്ഷരപൂക്കളായെൻ
പുസ്തകത്താളിൽ വിരിയിക്കട്ടെ    
                                              സുമഎഴുത്തച്ഛൻ   

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

നിന്റെ സ്വപ്നത്തിലേക്ക്

 നീ നിന്റെ മിഴികൾ പൂട്ടു
നിദ്രയെ പുണരൂ
ആത്മാവിലേക്കിറങ്ങി ചെല്ലൂ
ഇതാ!നീ നിന്റെ സ്വപ്നങ്ങളിൽ

നിന്റെ കണ്ണുകളിൽ തിളങ്ങുന്നു

നീ കാണുന്ന നിന്റെ സ്വപ്‌നങ്ങൾ
നിന്നെ അറിയുന്ന,നിന്റെ
ജീവനുള്ള സ്വപ്‌നങ്ങൾ !!

അതാ!സ്വപ്നങ്ങൾക്ക് ജീവൻ വെക്കുന്നു

അവ നിന്റെ കണ്ണുകളിൽ നൃത്തമാടുന്നു
നിന്റെ തണലായ നിന്റെ സ്വപ്‌നങ്ങൾ
സത്യമാവട്ടെ !!!
ഈ രാത്രിയിലെ എല്ലാ സ്വപ്നങ്ങളും
നിനക്ക് സ്വന്തം ....







2013, മാർച്ച് 16, ശനിയാഴ്‌ച

കുഞ്ഞിക്കിളിയുടെ സ്വപ്നം




നീയെനിക്കേകിയ സ്നേഹത്തിൻ 
കുഞ്ഞിളം ചിറകുകളിൽ 
പുളകിതയായ് മതിമറന്നു 
ഞാനെൻ ചിത്തമാകാശമാക്കി -
യൊരു പറവയായ് പറന്നുയർന്നു,
ദൂരെ ...... ദൂരെ.... 
വർണ്ണാഭമാം അനന്തതയിൽ 
എല്ലാം മറന്ന് ...എന്നെ മറന്ന്. 

ആകാശത്തിൽ നക്ഷത്രമായ്‌,
ഭൂമിയിൽ പുൽക്കൊടിയെ ചുംബിക്കും
മഞ്ഞുതുള്ളിയായ്,
പൂക്കളിൽ ശലഭവും
മഴമേഘങ്ങളിൽ നിറങ്ങൾ        
ചാർത്തും മഴവില്ലുമായി. 
നദികളിൽ കളകളമൊഴുകു-
മലയായ്...  ആഴിയായി,
കടലിൽ കരയെ പുണരും 
തിരമാലയായി. 
പകലിന്റെ അരുണിമയായ്,
നിശയുടെ നിലാവായി,
നിന്റെ കൈക്കുള്ളിലെ 
കുഞ്ഞിക്കിളിയായ്,നിന്നിലെ 
പ്രണയിനിയായി .... 
എല്ലാം മറന്നു ഞാൻ 
എന്നെ മറന്നു ഞാൻ 

വിഫല സ്വപ്നത്തിൻ 
മിഴികൾ മെല്ലെ തുറക്കവേ 
ഈറനാം മിഴികൾ അറിയുന്നു തൻ-
സ്വപ്നത്തിൻ വ്യർത്ഥത. 
ഇനിയെന്തു മോചനം 
എന്നുൾ വിളി പൊരുളാൽ 
എന്നിലേക്കൊതുങ്ങി ,
എൻ കുഞ്ഞികൂട്ടിലെ 
ബന്ധനത്തിൽ ചിറകരിഞ്ഞ 
ബന്ധനസ്ഥയാം പറവയായ് ഞാൻ  
സുമ എഴുത്തച്ഛൻ  

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

''പാഴ്മരം ''

അതാ നില്‍ക്കുന്നു ഒരു മരം 
ഒറ്റമരം ..... 
വിജനമാം വീഥിയില്‍ ഏകയായ്-
ഏകയായ് നില്‍ക്കുന്നു . 
ഒറ്റപ്പെട്ടതല്ല ദു:ഖം,
ഒരു പാഴ്മരമായ് 
ധരണിയില്‍ പൊട്ടിമുളച്ചതെന്തേ ... 
പൂക്കള്‍ക്കു സുഗന്ധമില്ല 
കായ്കള്‍ക്കോ മധുരവുമില്ല,
പരിഹാസപാത്രമായ് അവശേഷിപ്പൂ,
ധരണിയില്‍ ഭാരമായ് ഈ പാഴ്ജന്മം 
എന്തിനീ ജന്മം സ്വയം ശപിക്കവേ ഓര്‍-
ത്തു പോകുന്നു മൃത്യുവേ 
നിസ്സഹായായ്‌ മിഴികള്‍ മേല്‍പ്പോട്ടു 
പോകവേ ... 
ദൃഷ്ടിയില്‍ പതിയുന്നു പടര്‍ന്ന 
ശാഖകള്‍ .... 
പൂക്കളും കായ്കളുമായ് 
ബന്ധനമായ് ... . 
ഒരു ദീര്‍ഘനിശ്വാസമായ് !!!
പാഴ്മരത്തിന്‍ കണ്ണുനീര്‍ 
ധരണിയില്‍ പതിക്കവേ 
ചൊല്ലുന്നു പതിയെ 
ധരണിയില്‍ പൊട്ടിമുളച്ചതിന്‍ 
പ്രായശ്ചിത്തമായ് 
കാത്തിരിക്കാം മൃത്യുവെ ... 

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

"കുരുതിക്കളം "

 സംഹാരരുദ്രയാം ;കാളിക്കുമുന്നിലായ്,
ഊറ്റം നടിച്ചു തുള്ളിടിന്നു കോമരം,
കാല്‍ ചിലങ്കയുമൊഡ്യാണവും രവം,
ചേലില്‍പ്പകരുന്നു കാളിക്കു കേള്‍ക്കുവാന്‍.
കാളുന്ന നാളമാം നാവുദംഷ്ട്രങ്ങളും 
കാളിയില്‍ നല്‍കിയ ഭീകര ദര്‍ശനം .
ആടിനെയെത്രയിന്നാഹൂതി ചെയ്യുന്നി-
താടിത്തകര്‍ത്തടിഞ്ഞീടുന്നു ജീവിതം!!
കാളിതന്‍ തൃപ്തിക്കു ജീവനേകേണമെ-
ന്നാളുകള്‍ ജ്യോതിഷരോതുന്നു കഷ്ടമേ!
മിണ്ടാന്‍ കഴിയാത്ത പാവം മൃഗങ്ങളെ-
ഖണ്ടിച്ചിടുന്നതു കാളികൂളിക്കഹോ.
അശ്ശില തിന്നുകില്ലതു നിശ്ചലം ;
നിശ്ചയം കാളിതന്‍ കോമരം തിന്നിടും..

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

"ഞാന്‍ നിന്നെ വെറുക്കുന്നു......."

ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീ എന്നെ സ്നേഹിക്കുന്നു,
ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീ എന്നെ അറിയുന്നു,
ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീ എനിക്കുവേണ്ടി ശ്വസിക്കുന്നു,
ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീയാണ് എന്റെ ഹൃദയം,
ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീയാണ് എന്റെ ആത്മാവ്,
ഞാന്‍ നിന്നെ വെറുക്കുന്നു
 എന്തുകൊണ്ടെന്നാല്‍ ...., നിനക്കറിയാം..
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

2013, ജനുവരി 22, ചൊവ്വാഴ്ച

"''വൃദ്ധിയുടെ പതനം ''


ചക്രവാളത്തിലെ കറുത്ത മേഘപാളികള്‍ ,
അവയ്ക്ക് മുകളിലേക്ക് കയറിവരുന്ന 
പ്രഭാതസൂര്യന്‍  
ഉത്സാഹത്തോടെ ചിരിക്കുന്നു.
രാത്രിമഴയില്‍ ശുദ്ധമായ പചിലതഴപ്പുകളില്‍ 
അവന്റെ ചിരി പ്രതിഫലിച്ചു ...,തിളങ്ങി...,
ആകാശ നീലിമയില്‍ ശോഭിക്കുന്ന സൂര്യബിംബം
ജീവിത പചിലചാര്‍ത്തുകളില്‍ 
പച്ചപുതച്ച വസുന്ധരയില്‍, മന്ദഹാസത്തിന്റെ
ശോഭ പകരുന്ന സുഖകരമായ
അവന്റെ ഇളം ചൂടില്‍ പ്രകൃതി സുഖിക്കുന്നു;
ഉഷസ്സിന്റെ മരണം...
തേജസ്സിന്റെ വികാസച്ചക്രത്തിലെ ഒരു പതനം.
ഉഷസന്ധ്യയില്‍ ചക്രവാളത്തിന്റെ
മുഖം തുടുപ്പിച്ചു സുവര്‍ണ്ണ കളേബരനായി
അവന്‍ ഉയര്‍ന്നുവന്നു..
ആകാശത്തിന്റെ ഉച്ചിയിലേക്ക് കുതിച്ചു
സ്വന്തം ചൂടില്‍ സ്വയം തപിച്ചു ക്രുദ്ധനായി
ആകാശമദ്ധ്യത്തില്‍ അവന്‍ ജ്വലിച്ചു നിന്നു .
വെളിച്ചത്തിന്റെ കാഴ്ചകള്‍ കാണിക്കുന്ന ,
നോക്കുന്നവര്‍ക്ക് കാഴ്ച നഷ്ട പെടുത്തുന്ന
അത്യുഗ്ര കിരണനായി അവന്‍ തപിക്കുന്നു.
ഉഷസ്സില്‍ താലോലിച്ച ഹരിതപ്രകൃതിയെ
ചുട്ടെരിക്കാന്‍ വെമ്പല്‍ കൊണ്ട് ..,
സമുദ്രങ്ങളെ വറ്റിക്കാന്‍ കഴിയാത്തതില്‍
ക്രുദ്ധനായി വിറകൊള്ളുന്നു;
ആയുസ്സിന്റെ വൃദ്ധിയിലെ അവസ്ഥാന്തരം
മദ്ധ്യാഹ്നം ...
ഒടുവില്‍ എരിഞ്ഞടങ്ങുന്ന ചിതാകുണ്ടം പോലെ
അടിഞ്ഞുകൂടിയ പശ്ചിമ ചക്രവാള ച്ചെരുവില്‍
രക്തം വാര്‍ത്ത്തവന്‍ ചരമമടയുന്നു;
വൃദ്ധിയുടെ പതനം........
ഭിന്നമായ പല പതനങ്ങളില്‍ ഒരു പതനം."

2013, ജനുവരി 10, വ്യാഴാഴ്‌ച

നിദ്ര

നിദ്രേ ! നിന്നേത്തേടി
അലയുന്നു ഞാന്‍
നിശയുടെ നിശ്ശബ്ദ
യാമങ്ങളില്‍.

എങ്കിലും നിദ്രേ !!
എൻ സഖി ...;

നിനക്കായ് കാത്തു 
കിടക്കുമെൻ 
മിഴിപൂക്കളോടിത്രയേറെ 
പിണക്കമോ ...
ഈ നിശതൻ 
മൂന്നാംയാമാത്തിലും 

എന്‍ മിഴി
കോണില്‍ നിന്നും
അകലേ ..അങ്ങകലേ
എങ്ങു നീ
പോയ്മറഞ്ഞു.

നിന്നെ പുണരാന്‍
വെമ്പുമെന്‍ മിഴിയിണകള്‍
തലോടാന്‍ എന്തേ -
നീ മറന്നു പോകുന്നു.

നിശ്ശബ്ദയാം,
ശാന്തയാം.. നിന്നെ
ഒരിക്കലുമുണരാതെ പുല്‍കാന്‍
എന്‍ മനം കേഴുന്നു.

സുമ എഴുത്തച്ഛൻ