2013, ഫെബ്രുവരി 27, ബുധനാഴ്‌ച

''പാഴ്മരം ''

അതാ നില്‍ക്കുന്നു ഒരു മരം 
ഒറ്റമരം ..... 
വിജനമാം വീഥിയില്‍ ഏകയായ്-
ഏകയായ് നില്‍ക്കുന്നു . 
ഒറ്റപ്പെട്ടതല്ല ദു:ഖം,
ഒരു പാഴ്മരമായ് 
ധരണിയില്‍ പൊട്ടിമുളച്ചതെന്തേ ... 
പൂക്കള്‍ക്കു സുഗന്ധമില്ല 
കായ്കള്‍ക്കോ മധുരവുമില്ല,
പരിഹാസപാത്രമായ് അവശേഷിപ്പൂ,
ധരണിയില്‍ ഭാരമായ് ഈ പാഴ്ജന്മം 
എന്തിനീ ജന്മം സ്വയം ശപിക്കവേ ഓര്‍-
ത്തു പോകുന്നു മൃത്യുവേ 
നിസ്സഹായായ്‌ മിഴികള്‍ മേല്‍പ്പോട്ടു 
പോകവേ ... 
ദൃഷ്ടിയില്‍ പതിയുന്നു പടര്‍ന്ന 
ശാഖകള്‍ .... 
പൂക്കളും കായ്കളുമായ് 
ബന്ധനമായ് ... . 
ഒരു ദീര്‍ഘനിശ്വാസമായ് !!!
പാഴ്മരത്തിന്‍ കണ്ണുനീര്‍ 
ധരണിയില്‍ പതിക്കവേ 
ചൊല്ലുന്നു പതിയെ 
ധരണിയില്‍ പൊട്ടിമുളച്ചതിന്‍ 
പ്രായശ്ചിത്തമായ് 
കാത്തിരിക്കാം മൃത്യുവെ ... 

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

"കുരുതിക്കളം "

 സംഹാരരുദ്രയാം ;കാളിക്കുമുന്നിലായ്,
ഊറ്റം നടിച്ചു തുള്ളിടിന്നു കോമരം,
കാല്‍ ചിലങ്കയുമൊഡ്യാണവും രവം,
ചേലില്‍പ്പകരുന്നു കാളിക്കു കേള്‍ക്കുവാന്‍.
കാളുന്ന നാളമാം നാവുദംഷ്ട്രങ്ങളും 
കാളിയില്‍ നല്‍കിയ ഭീകര ദര്‍ശനം .
ആടിനെയെത്രയിന്നാഹൂതി ചെയ്യുന്നി-
താടിത്തകര്‍ത്തടിഞ്ഞീടുന്നു ജീവിതം!!
കാളിതന്‍ തൃപ്തിക്കു ജീവനേകേണമെ-
ന്നാളുകള്‍ ജ്യോതിഷരോതുന്നു കഷ്ടമേ!
മിണ്ടാന്‍ കഴിയാത്ത പാവം മൃഗങ്ങളെ-
ഖണ്ടിച്ചിടുന്നതു കാളികൂളിക്കഹോ.
അശ്ശില തിന്നുകില്ലതു നിശ്ചലം ;
നിശ്ചയം കാളിതന്‍ കോമരം തിന്നിടും..

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

"ഞാന്‍ നിന്നെ വെറുക്കുന്നു......."

ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീ എന്നെ സ്നേഹിക്കുന്നു,
ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീ എന്നെ അറിയുന്നു,
ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീ എനിക്കുവേണ്ടി ശ്വസിക്കുന്നു,
ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീയാണ് എന്റെ ഹൃദയം,
ഞാന്‍ നിന്നെ വെറുക്കുന്നു
എന്തുകൊണ്ടെന്നാല്‍ നീയാണ് എന്റെ ആത്മാവ്,
ഞാന്‍ നിന്നെ വെറുക്കുന്നു
 എന്തുകൊണ്ടെന്നാല്‍ ...., നിനക്കറിയാം..
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.