2015, ജൂലൈ 30, വ്യാഴാഴ്‌ച

'കുന്തീദുഃഖം'



കൗമാരമെന്നൊരു കാലം വന്നു
മോഹങ്ങള്‍ക്കൊരു മണിയറ തീര്‍ത്തു
മഹര്‍ഷീസത്യം അറിവാനായി
മന്ത്രമോതീ കുന്തീദേവി.

പഴയൊരു സൂര്യന്‍!
പുതിയൊരു സത്ത്വമായ്
വളര്‍ന്നുവന്നു മുന്നില്‍,
സന്ധ്യ മരിച്ചു,കാമം ജനിച്ചു!
കുന്തീകിനാവിന്‍ ചിറകുകരിഞ്ഞു
പുതിയൊരു സത്യം പുറത്തു വന്നു
പുലരിപ്പെണ്ണിന്‍ നാഭിതുടിച്ചു
ഞെട്ടിപ്പോയി കുന്തീദേവി.
ഓടിപ്പായും പുഴയുടെ മാറില്‍
അപവാദങ്ങള്‍ക്കഭയം കണ്ടു
കുഞ്ഞു വളര്‍ന്നു,അമ്മ തളര്‍ന്നു
കൗമാരമെന്നൊരു കാലം പോയി
യൗവ്വനമെന്നൊരുകാലം പോയി
ദുഃഖങ്ങള്‍ക്കൊരു തടവറ തീര്‍ത്തു.
പല സൂര്യന്‍മാര്‍ ഉദയം ചെയ്തു,
അസ്തമനങ്ങള്‍ പുറകേപാഞ്ഞു.
പൂത്തുതളിര്‍ത്തൊരു തളിര്‍മാവപ്പോള്‍
വേദനയാലെ ഞെട്ടിവിറച്ചു.
പുലരിപ്പെണ്ണിന്‍ മേനിതുടിച്ചു
പുതുരണഭൂമിയില്‍ നിണമാറാടി
അപവാദങ്ങള്‍ അതിജീവിക്കാന്‍
കുന്തീദേവി കരുത്താര്‍ന്നു.
അമ്മ കരഞ്ഞു,കുഞ്ഞു ചിരിച്ചു
കൗമാരമെന്നൊരു കാലം പോയി,
യൗവ്വനമെന്നൊരു കാലം പോയി,
ദുഃഖങ്ങള്‍ക്കൊരു തടവറ തീര്‍ത്തു.
(സുമ എഴുത്തച്ഛന്‍)