2013, മാർച്ച് 16, ശനിയാഴ്‌ച

കുഞ്ഞിക്കിളിയുടെ സ്വപ്നം




നീയെനിക്കേകിയ സ്നേഹത്തിൻ 
കുഞ്ഞിളം ചിറകുകളിൽ 
പുളകിതയായ് മതിമറന്നു 
ഞാനെൻ ചിത്തമാകാശമാക്കി -
യൊരു പറവയായ് പറന്നുയർന്നു,
ദൂരെ ...... ദൂരെ.... 
വർണ്ണാഭമാം അനന്തതയിൽ 
എല്ലാം മറന്ന് ...എന്നെ മറന്ന്. 

ആകാശത്തിൽ നക്ഷത്രമായ്‌,
ഭൂമിയിൽ പുൽക്കൊടിയെ ചുംബിക്കും
മഞ്ഞുതുള്ളിയായ്,
പൂക്കളിൽ ശലഭവും
മഴമേഘങ്ങളിൽ നിറങ്ങൾ        
ചാർത്തും മഴവില്ലുമായി. 
നദികളിൽ കളകളമൊഴുകു-
മലയായ്...  ആഴിയായി,
കടലിൽ കരയെ പുണരും 
തിരമാലയായി. 
പകലിന്റെ അരുണിമയായ്,
നിശയുടെ നിലാവായി,
നിന്റെ കൈക്കുള്ളിലെ 
കുഞ്ഞിക്കിളിയായ്,നിന്നിലെ 
പ്രണയിനിയായി .... 
എല്ലാം മറന്നു ഞാൻ 
എന്നെ മറന്നു ഞാൻ 

വിഫല സ്വപ്നത്തിൻ 
മിഴികൾ മെല്ലെ തുറക്കവേ 
ഈറനാം മിഴികൾ അറിയുന്നു തൻ-
സ്വപ്നത്തിൻ വ്യർത്ഥത. 
ഇനിയെന്തു മോചനം 
എന്നുൾ വിളി പൊരുളാൽ 
എന്നിലേക്കൊതുങ്ങി ,
എൻ കുഞ്ഞികൂട്ടിലെ 
ബന്ധനത്തിൽ ചിറകരിഞ്ഞ 
ബന്ധനസ്ഥയാം പറവയായ് ഞാൻ  
സുമ എഴുത്തച്ഛൻ