2014, മാർച്ച് 9, ഞായറാഴ്‌ച

''വള്ളത്തോൾ സ്മരണക്കു മുന്നിൽ ''


  കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും സങ്കുചിത പരിധിക്കുള്ളിൽ  നിന്ന് മോചിതരാവാനും  ഔന്നത്യങ്ങളിൽ  വിഹരിക്കു-വാനും  കഴിഞ്ഞ കവികൾ  എത്രയുണ്ട് ? അത്യപൂർവ്വമായ ആ സിദ്ധി സ്വായത്തമാക്കിയ വരേണ്യ കവികളുടെ പംക്തിയിലാണ്  മലയാളത്തിന്റെ  
മഹാകവിയായ ശ്രീ.വള്ളത്തോളിന്റെ സ്ഥാനം,ശ്രീ.വള്ളത്തോളിനോടൊപ്പം 
മലയാളസാഹിത്യത്തിന്റെ   കൊടിക്കൂറകൾകൂടി    വിശ്വവിശാലതയുടെ    
വിഹായസ്സിൽ പാറിപ്പറക്കുന്ന കാഴ്ചക്ക് നാം സാക്ഷ്യം വഹിക്കുന്നു,തന്റെ 
ആയുഷ്ക്കാലത്തുതന്നെ  ആദരിക്കപ്പെടുകയും ലോകവേദികളിൽ അറിയപ്പെ -ടുകയും ചെയ്ത ഒരു കവിശ്രേഷ്ഠനാവാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള 
ഭാഷയെ സമ്പന്നമാക്കുകയും ഖ്യാതി പരത്തുകയും ചെയ്ത കവികൾ വേറെയും നമുക്കുണ്ടെങ്കിലും ശ്രീ.വള്ളത്തോളിന്റെ യശ്ശസ്സ് പ്രഥമഗണനീയം തന്നെ.കഥകളിയുടെ കണ്ണഞ്ചിപ്പിക്കുന്ന കലാവിരുതുകൂടി വള്ളത്തോൾ കവിത-
യുടെ പശ്ചാത്തലത്തിൽ കാണാമെങ്കിലും കലോദ്ധാരകന്റെതല്ല ,കവിയുടേതു  -
തന്നെയാണ് ലോകഭിത്തിയിൽ പതിഞ്ഞ വള്ളത്തോളിന്റെ ചിത്രം.ഒട്ടും  ഉലയാതെ കേരള സംസ്കാരത്തിന്റെ മണ്ണിൽ ഉറച്ചു നിന്നുകൊണ്ടായിരുന്നു 
അദ്ദേഹത്തിന്റെ കാവ്യജീവിതം.ആ കവിഭാവനക്കു നിറം  ചാർത്തിയ രൂപ -
ഭാവങ്ങളെല്ലാം തികച്ചും കേരളീയമാണ്‌; പക്ഷെ ഭാരതത്തിന്റെ അന്തരീക്ഷ-വായു ഉൾക്കൊള്ളുവാനോ ദേശീയ പ്രസ്ഥാനങ്ങൾക്കൊപ്പം വികാര തരളിത-നാവാനോ അത് പ്രതിബന്ധമായില്ല .



                        കേരളത്തിന്റെ സാംസ്ക്കാരികമൂല്യങ്ങളിൽ നിന്ന് ദൃഷ്ടി മറയ്ക്കാതെ തന്നെ ഭാരതത്തിന്റെയും ലോകത്തിന്റെയും പടവുകൾ കയറി 
മറിയുവാൻ കഴിഞ്ഞതാണ് വള്ളത്തോൾ കവിതയുടെ സവിശേഷത. ലോക-ത്തിന്റെ മുഴുവൻ പൊതുസ്വത്തായി യഥാർത്ഥ കവിത്വം പരിണമിക്കുമെന്ന് 
സ്വന്തം ജീവിതത്തിലൂടെ മഹാകവി തെളിയിച്ചു



വള്ളത്തോൾ കവിതകളിലൂടെ..........



     1910-ൽ "ബധിരവിലാപ"ത്തിന്റെ രചനയിലൂടെ ആധുനിക കാല്പനിക  കവിതകളിൽ അദ്ദേഹം ദത്തശ്രദ്ധനായി.കവിയെ ബാധിച്ചബധിരതയാണ് ഈ 
കവിതയുടെ വിഷയം.തികച്ചും അനുഭവ്യവും ആത്മകഥാപരവും. ബധിരത-യിൽ  ലോകാനുഭൂതികൾ നിഷേധിക്കപ്പെട്ട കവിയുടെ ശോചനീയാവസ്ഥ  വളരെ ഹൃദയസ്പർശിയാണ്.ഏതു വിഷാദത്തിലും പ്രതീക്ഷയും സാന്ത്വനവും അദ്ദേഹത്തിന്റെ കവിതയെ പ്രകാശമാനമാക്കുന്നു  എന്നതു -കൊണ്ടുതന്നെ അദ്ദേഹം ഒരിക്കലും ഒരു വിഷാദകവിയല്ല.



         തികച്ചും ഭാവനിർഭരമായ ഒരു പ്രണയ കൃതിയാണ് 1914-ൽ പ്രസിദ്ധീകരിച്ച ''ബന്ധനസ്ഥനായ അനിരുദ്ധൻ''.ഉഷാനിരുദ്ധം കഥയിലെ മർമ്മ -
പ്രധാന ഭാഗമാണ് ഇതിവൃത്തം .ഉഷയുടെ കിടക്കറയിൽ വെച്ച് താനാളയച്ചു
വരുത്തിയ പ്രണയിതാവ് അനിരുദ്ധൻ രാജഭടന്മാരാൽ  ബന്ധനസ്ഥനാക്കപ്പെ-ടുന്നു.തടവറയിൽ ചെന്ന് പ്രണയിതാവിനെ കാണാനുള്ള വൃദ്ധ മന്ത്രിയോടുള്ള 
ഉഷയുടെ അപേക്ഷ........  രാജവിനോടുള്ള കടമയ്ക്കും ഉഷയോടുള്ള വാത്സല്യത്തിനുമിടയിലെ സംഘർഷാവസ്ഥയിൽ വൃദ്ധനായ മന്ത്രി....
                     
                               '' ഞാനാളയച്ചിഹ വരുത്തിയതാണു തന്നെ-
                                 ത്താനാര്യ പുത്രനെഴുനെള്ളുകയല്ല  ചെയ്തു 
                                 നാനാതരത്തിലപരാധ മൊരാൾക്കു  ബന്ധ-
                                  സ്ഥാനാപ്തിയന്യനു;മിതോ ബലിവംശധർമ്മം?''
എന്നാണ് മന്ത്രിയുടെ അടുക്കൽ ഉഷ ചോദിച്ചത് ........



കാരാഗൃഹത്തിൽ വെച്ചുള്ള ഉഷയുടെയും അനിരുദ്ധന്റെയും സമാഗമം തികച്ചും വികാരനിർഭരം തന്നെ.പ്രണയത്തിനുവേണ്ടി ഗുരുജനങ്ങളെയും ബന്ധുക്കളെയും മാത്രമല്ല സ്വന്തം ജീവൻപോലും വെടിയാൻ സന്നദ്ധയായ നായികയും ധീരനും ആത്മാഭിമാനിയുമായ നായകനും തമ്മിലുള്ള സമാഗമം തികച്ചും വികാരനിർഭരവും ശൃംഗാരപ്രദവും തന്നെ.തികഞ്ഞ ഔചിത്യ ബോധം നിറഞ്ഞ കാവ്യശകലങ്ങൾ . അച്ഛനാൽ  ബന്ധനസ്ഥനാക്കപ്പെട്ടവന്റെ തടവുമുറിയിൽ പ്രവേശിച്ചതിന്റെ അനൌചിത്യത്തെക്കുറിച്ചുള്ള അനിരുദ്ധ-ന്റെ ചോദ്യത്തിന്



               ''പോകട്ടെ അച്ഛനരിശ്ശപ്പെടുമെന്നകാര്യം ...

                സ്ത്രീകൾക്കു ഭർത്തൃസഹചര്യവെടിഞ്ഞിടാമോ ?" എന്നായിരുന്നു
ഉഷയുടെ ദൃഡത നിറഞ്ഞ മറുപടി .



ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും ബന്ധത്തിൽ പ്രതിഷേധാർത്തനായ രുഗ്മി വർഷങ്ങൾക്കുശേഷം കുറ്റബോധത്താൽ പശ്ചാത്താപവിവശ്ശനായി സ്വന്തം സഹോദരിക്കെഴുതുന്ന സന്ദേശമാണ് ''രുഗ്മിയുടെ പശ്ചാത്താപം''. കുറ്റബോധവും ബാല്യകാല സ്മരണകളും കൊണ്ടു നിറഞ്ഞ ഹൃദയംഗ മായ കാവ്യം.



                     ശ്രീ.വള്ളത്തോളിന്റെ ഖണ്ഡകൃതികളുടെ സമാഹാരമാണ് എട്ടു ഭാഗങ്ങളോളം പ്രസിദ്ധീകരിച്ചിട്ടുള്ള'' സാഹിത്യമഞ്ജരികൾ ''.ഇത്ര  വൈവി -ദ്ധ്യമാർന്ന വിഷയങ്ങൾ .............പൊതുവെ  തരംതിരിക്കുമ്പോൾ    വ്യക്തിപരം,

ജീവിതപരം, സ്വാനുഭൂതിപരം,  സാമൂഹ്യപരം,  രാഷ്ട്രീയപരം എന്നിങ്ങിനെ പോകുന്നു.1916-ൽ ആദ്യത്തെ സാഹിത്യമഞ്ജരി പ്രസിദ്ധീകരിച്ചു.തുടർന്നുള്ള ഈ സമാഹാരപരമ്പര മലയാളകവിതയുടെ നാഴികക്കല്ലുകളായി .''മാതൃവന്ദനം','മാതൃഭൂമിയോട്',വീരപത്നി,ഒരുകീറത്തലയണ,ഒരരിപ്രാവ്‌,അങ്ങിനെ നീളുന്നു ആ പട്ടിക,ജന്മഭൂമിയായ കേരളത്തെ അഭിസംബോധന ചെയ്തിട്ടുള്ള ''മാതൃവന്ദനം''
                                ''പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവെച്ചും
                                 സ്വച്ഛബ്ധി മണൽത്തിട്ടാം പാദോപധാനം പൂണ്ടും''.
കേരളത്തിന്റെ പ്രകൃതി സൌന്ദര്യം ഇതിൽക്കൂടുതലായി ആർക്കു വർണ്ണി- ക്കാനാവും.
1918-ലെ സാഹിത്യമഞ്ജരിയുടെ രണ്ടാംഭാഗത്തിൽ ഭാവനാവിശാലത കൊണ്ടും,  ആശയഗാംഭീര്യംകൊണ്ടും,  ഗഹനസൌകുമാര്യം കൊണ്ടും എടുത്തു പറയേണ്ട   'സത്യഗാഥ',  'പുരാണങ്ങൾ',  'ഉണ്ണാനില്ല ഉടുപ്പാനില്ല '
'പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി'തുടങ്ങിയ ഉജ്ജ്വല കൃതികളാണ്.
ലോകത്തിന്റെ മുഴുവൻ രൂപവും ചലനവും സത്യമെന്ന ശക്തിയുടെ പ്രകാശ കിരണങ്ങളെന്നു ഭാവനചെയ്തുകൊണ്ട് ഭാവഗംഭീരമാക്കിയ വരികൾ.....




                         ''മേൽവശത്തറ്റമില്ലാതേ കിടക്കുമാ-

                          ക്കേവലമാം മരുഭൂമി തന്നിൽ  
                         എത്ര പുഷ്പങ്ങളെ മിന്നിത്തിളങ്ങിപ്പൂ 
                          ചിത്രം നിൻ തേജസ്സിൻ കന്ദളങ്ങൾ !



                         ആലക്ഷ്യ മായൂർദ്ധ്വഭാഗത്തീ മാഹേന്ദ്ര -

                         നീലപ്പലകപ്പുറത്തു നീളേ 
                          തങ്കലിപികളാൽ കൊത്തിയിട്ടുണ്ടല്ലോ 
                          ശങ്കരീ ,നിൻചരിത്രാംശ ലേശം.'' 



ഭാരതത്തിലെ ഋഷിമാരുടെ മാഹാത്മ്യവും അവരിൽനിന്നും കൈവന്ന സാഹിത്യ സമ്പത്തിന്റെ കലാസുന്ദര പ്രകീർത്തനമായ പുരാണങ്ങളിൽ നിന്നും ഏതാനും വരികൾ...

                            ''ഭാരതവർഷത്തിലെ പ്പൂർവരാമൃഷീന്ദ്രന്മാർ 

                             പാരിനുള്ളടിക്കല്ലു പാർത്തു കണ്ടറിഞ്ഞവർ,
                             യോഗൈഗനിരതന്മാർ,ഭോഗനിസ്പൃഹർ,പരി -

                             ത്യാഗൈക ദ്രവിണന്മാരവർതൻ വാസങ്ങളോ



                            പൊട്ടപ്പുല്ലുകൾകൊണ്ടും ശുഷ്കപത്രൌഘംകൊണ്ടും 

                            കെട്ടിമേഞ്ഞവയായ പാഴ്കുടിലുകളത്രേ .
                            എങ്കിലുമവയിൽ നിന്നിങ്ങു കിട്ടിയ മണി-

                            ത്തങ്കങ്ങൾ മഹാർഹങ്ങൾ മറ്റെങ്ങുമലഭ്യങ്ങൾ.



                            പട്ടുമെത്തയെക്കാളുമിഷ്ടമായ്  വാഗ്ദേവിയ്ക്കു 

                            ശിഷ്ടരാമവരുടെ ദർഭപ്പുൽവിരിപ്പുകൾ;
                            തത്ത്വചിന്തോദ്രേക ത്താലെങ്ങാനുമദ്ധന്യർക്കു 

                            വിസ്തീർണ്ണത്തിരുനെറ്റി വിയർത്താലപ്പോളെല്ലാം.

  

                             പ്രേമവിഹ്വലയായ്ത്തൻ പോർമുലക്കച്ചത്തുമ്പാൽ 
                             കോമളം വീശിപ്പോന്ന വാഗധീശ്വരി തൻറെ 
                             മഞ്ജുകൈത്തണ്ടിൽ ചിന്നിമിന്നിയ വളകൾ തൻ 
                             ശിഞ്ജിതം പുരാണത്തിൽനിന്നു നാമിന്നും കേൾപ്പൂ ;

                             അമ്മഹാശയന്മാരാം മുനിമാരനു വേലം 
                              ബ്രഹ്മനിശ്ചലധ്യാനം നിർത്തി വിശ്രമിയ്ക്കുമ്പോൾ 
                              നന്മയിൽക്കവിതയാം ദേവിയുമായിച്ചെയ്ത 
                              നർമ്മസല്ലാപങ്ങളെ ,നിങ്ങൾക്കു നമസ്ക്കാരം !"

1924-ൽ സാഹിത്യമഞ്ജരിയുടെ മൂന്നും നാലും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു .
''രാധയുടെ കൃതാർത്ഥത'',''കർമ്മഭൂമിയുടെ പിഞ്ചുകാൽ'',''കിളികൊഞ്ചൽ'',
''എന്റെ ഗുരുനാഥൻ'' തുടങ്ങിയ കൃതികൾ . എൻറെ ഗുരുനാഥനിൽ മഹാത്മാഗാന്ധിയെ ഗുരുവായിക്കണ്ട് ആ മഹാനായ വ്യക്തിയെ തികഞ്ഞ വികാരോഷ്മളതയോടെ പ്രകീർത്തിച്ചിരിക്കുന്നു.

                              ''ലോകമേ തറവാടു തനിക്കീച്ചെടികളും 
                                പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ;
                                ത്യാഗമെന്നതേ നേട്ടം,താഴ്മതാനഭ്യുന്നതി ,
                                യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ.



                                താരകമണിമാല ചാർത്തിയാലതും കൊള്ളാം 

                                കാറണിച്ചളി നീളെപ്പുരണ്ടാലതും കൊള്ളാം.

                                ഇല്ലിഹ സംഗം ലേപമെന്നിവ സമസ്വച്ഛ

                                        മല്ലയോ വിഹായസ്സവ്വണ്ണമെൻ ഗുരുനാഥൻ .



അതുപോലെ ഭാവനാശക്തിയുടെയും കലാചാതുര്യത്തിന്റെയും വിജയമായ 

''കിളി കൊഞ്ചലിൽ'' ബാലികയായ സീതയ്ക്ക് ലഭിച്ച രണ്ടു പൈങ്കിളികൾ ചൊല്ലുന്ന   രാമായണം  കഥ  തികച്ചും  വാസ്തവികമായി  ചിത്രീകരിച്ചിരി-ക്കുന്നു . 
    
                      ജീവിതത്തിന്റെ ശുഭവും ശുഭ്രവുമായ വശങ്ങളുടെ പ്രതിബിംബമാണ് വള്ളത്തോൾക്കവിത;അഥവാ ദുരന്തത്തിന്റെയും ദു:ഖ-ത്തിന്റെയും വശങ്ങൾ വീക്ഷിക്കുമ്പോഴും പ്രസന്നതയും ഫലിതബുദ്ധിയും കൈവിടുന്നില്ല. ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്കും അഗാധതലങ്ങളി-ലേക്കും കടന്നു ചെല്ലാനുള്ള ശ്രീ.വള്ളത്തോളിന്റെ പ്രവണത അസാധാരണ-മാണ് .വള്ളത്തോൾക്കവിതയുടെ അനുഭൂതിരസം അതിന്റെ ഉച്ചസ്ഥായി-യിലെത്തുന്നത് ഭാരതത്തിലെ പുരാതനാരാധ്യ പുരുഷന്മാരേയും ആദർശ -ശാലികളെയും പറ്റി പറയുമ്പോഴാണ്;അദ്ദേഹത്തിന്റെ തൂലിക വല്ലാതെ ആവേശഭരിതമാകുന്നു .''വിഭക്തിയും ഭക്തിയും''എന്ന കവിതയിൽ  ഗുരു-വായൂർ ദീപാരാധന നടതുറപ്പ് വർണ്ണിക്കുമ്പോൾ കവി അനുഭവിക്കുന്നതും 
വായനക്കാരിലേക്കു പകരുന്നതുമായ ദിവ്യാനുഭൂതി,ഭക്തിരസം മാത്രമല്ല സൌന്ദര്യാനുഭൂതിയിൽ നിറഞ്ഞ നിർവൃതി രസമാണ്.



                                      ഖണ്ഡകൃതികളിൽ മറ്റു പ്രധാനപ്പെട്ട കാവ്യങ്ങളാണ് 


''ശിഷ്യനും മകനും'', ''മഗ്ദലന മറിയം'',''കൊച്ചുസീത'',''അച്ഛനും മകളും'' തുട-ങ്ങിയവ.ഇതിൽ 'മഗ്ദലന മറിയം'ഏറെ പ്രാമുഖ്യമർഹിക്കുന്നു.ശീമോൻ എന്ന ധനികപ്രഭുവിന്റെ അതിഥിയായെത്തുന്ന യേശുക്രിസ്തുവിന്റെ പാദം തന്റെ അപഥ ജീവിതത്തിൽ പശ്ചാത്താപാർത്തയായ മഗ്ദലനമറിയം കണ്ണീർ കൊണ്ടു കഴുകി പാപ വിമുക്തയാവുന്നതാണ് ഇതിവൃത്തം.ഇതിൽ മറിയ-ത്തിന്റെ ആഗമന രംഗം എത്രമാത്രം സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു.



                                ''താഴത്തേയ്ക്കെന്തിത്ര സൂക്ഷിച്ചുനോക്കുന്നു 

                                 താരകളേ,നിങ്ങൾ നിശ്ചലമായ്‌?
                                 നിങ്ങൾ തൻ കൂട്ടത്തിൽ നിന്നിപ്പോഴാരാനും 
                                 ഭംഗമാർന്നൂഴിയിൽ വീണുപോയോ? 
                                 ഉവ്വി,താ,നക്ഷത്രം തന്നെയാം രൂപമൊ -
                                 ന്നുർവ്വിയിലിപ്പുര വീഥിയിങ്കൽ ;
                                 അല്ലെങ്കിൽ, മറ്റൊരു കൊച്ചുനിലാവിതാ ,
                                  മുല്ലപ്പൂപോലുള്ള തൂനിലാവിൽ !
                                 ആരോ മനോഹര സർവ്വാംഗിയാമിവ -
                                 ളാരോ മലാൾക്കിത്ര വെമ്പലെന്തേ ?
                                 നീളെയുത്തുംഗമാം മാർത്തട്ടുലയുന്നൂ 

                                 തോളണിത്തൂവെള്ളച്ചേലക്കുള്ളിൽ







                           വള്ളത്തോൾക്കവിത മാതൃഭാഷയുടെ മുലപ്പാൽപോലെ കുടിച്ചു വളർന്നവരാണ് മലയാളികൾ. കേരളീയരുടെ കാവ്യാസ്വാദന ശീല-ത്തിനുതന്നെ ഒരു പുതിയ മാനം ഉളവാക്കാൻ അത് കാരണമായിട്ടുണ്ട്.
കാളിദാസശൈലിയുടെ ഗുണധോരണി മുഴുവൻ അന്യൂനമായ സൌഭാഗ്യ-ത്തികവോടെ മലയാളഭാഷക്കു കാഴ്ചവെച്ച വള്ളത്തോളിന്റെ കൃതികൾ 
നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യാംശമായി മാറിയിട്ടു -ണ്ടെങ്കിൽ അതൊട്ടും അസംഭാവികമല്ല .ആശയങ്ങളുടെ തെളിമയും രചനയുടെ മിഴിവും വള്ളത്തോൾ കവിതയുടെ മുഖമുദ്രകളായി വർത്തിക്കുന്നു .
അതിഗഹനമായ ആശയങ്ങൾ പോലും മധുമയമായി പ്രവഹിക്കുന്നതി-നിടക്ക് എന്തെന്നില്ലാത്ത ലാളിത്യവും ഹൃദ്യതയും കൈവരുന്നു. പ്രകരണ -ശുദ്ധിയിൽ അദ്ദേഹത്തെപോലെ മനസ്സിരുത്തിയ കവികൾ ഏതു ഭാഷയിലും അധികമുണ്ടാവില്ല.ദുർഗ്രഹതയുടെ അതിപ്രസരത്തെ ഒഴിചുനിർത്തുവാൻ
ആധുനികസാഹിത്യകാരന്മാർക്ക് മാതൃകയാക്കാവുന്ന ഒന്നാണ് കന്നിയാറു -പോലെ തെളിഞ്ഞ വള്ളത്തോൾ ശൈലി .



                                    ഭൂതകാലത്തിന്റെ പ്രഭവതന്തുക്കൾ കൊണ്ടുതന്നെ 

ഭാസുരമായ ഒരു ഭാവിനെയ്തെടുക്കുവാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു.പ്രകൃതിയുടെ സൌന്ദര്യം ആവിഷ്ക്കരിച്ചതോടൊപ്പം തന്നെ 
ഭാരതത്തിന്റെ സാംസ്കാരികമായ മഹത്ത്വവും ചരിത്രപരമായ പാരമ്പര്യവും മഹാകവി പ്രകീർത്തിച്ചിട്ടുണ്ട്.ഭൂതകാലത്തിന്റെ യജ്ഞ-വേദിയിൽ നിന്നും അഗ്നിയും പ്രകാശവുമല്ലാതെ കരിയും പുകയും അദ്ദേഹം കൈകൊള്ളുകയുണ്ടായില്ല.ഭാരതസംസ്കാരത്തിന്റെ കളങ്കം വരുത്തിയ ദുരാചാരങ്ങളോട് പൊരുതുവാൻ തന്റെ മൂർച്ചയേറിയ തൂലികയെ മഹാകവി യഥോചിതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അയിത്താചാരത്തിനും ജാതിവ്യത്യാസത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരായ വള്ളത്തോൾ കവിതയുടെ പോർവിളി കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ  സംരംഭ-ങ്ങൾക്ക് ആക്കം കൂട്ടുവാൻ വളരെയേറെ സഹായകമായിട്ടുണ്ട്.'പുരോഗമന സാഹിത്യത്തിന്റെ പുരോഗമി എന്ന വിശേഷണം തീർച്ചയായും ശ്രീ.വള്ളത്തോൾ അർഹിക്കുന്നു'.





                                   സ്വതന്ത്ര ഭാരതത്തിന്റെ പതാക വളരെയേറെ ഉയർന്നു പറക്കാൻ അഭിലഷിച്ച മഹാകവി സാഹിത്യസേവനത്തിന് ബ്രിട്ടീഷ്‌ അധികൃധർ നൽകിയ ബഹുമതി പോലും നിസ്സന്ദേഹം തിരസ്ക്കരിച്ചു.ഏതു രീതിയിലും ധന്യമായ ഒരു സ്മരണ മാത്രമല്ല പ്രചോദനത്തിന്റെ വറ്റാത്ത ഒരു ഉറവിടം കൂടിയാണ് നമുക്ക് ശ്രീ. വള്ളത്തോൾ     








                                                                             സുമ എഴുത്തച്ഛൻ