2012, ഡിസംബർ 25, ചൊവ്വാഴ്ച

"പ്രകൃതിയുടെ പ്രണയ സംഗീതം''


സ്വര്‍ഗ്ഗത്തില്‍ നിന്നുമുതിര്‍ന്നു വീഴുന്ന 
വെള്ളിനൂലിഴയുടെ തുള്ളികള്‍ ഞാന്‍
പ്രകൃതിയില്‍ വയലേലകള്‍ക്കും 
താഴ്വരകള്‍ക്കും ആഭരണമായി ഞാന്‍
പ്രണയദേവതയാം ഇസ്താരിന്‍ മുകുടത്തിന്‍ 
സുന്ദരമാം മുത്തുകള്‍ ഞാന്‍
ഞാന്‍ കരയുമ്പോള്‍ കുന്നുകള്‍ ചിരിക്കുന്നു
ഞാന്‍ എന്നിലെക്കൊതുങ്ങുമ്പോള്‍ 
പൂക്കളും ശലഭങ്ങളും സന്തോഷിക്കുന്നു
എന്നിലെ  ഇളക്കത്തിൽ  പ്രകൃതി 
സന്തോഷവതിയും ആകാംക്ഷാഭരിതയുമാകുന്നു
പ്രണയിതരായ വയലുകള്‍ക്കും മേഘങ്ങള്ക്കുമിടയില്‍ 
ഒരു സന്ദേശവാഹകയായി ഞാന്‍
എന്‍ മൃദുലമാം കരകാംഗുലികള്‍ ജനലഴികള്‍ 
സ്പര്‍ശിക്കുമ്പോള്‍ ഒരു സ്വാഗത സംഗീതമാകുന്നു  ഞാന്‍
എല്ലാവരും കാണുന്നു,കേള്‍ക്കുന്നു
അനുഭവിക്കുന്നു, ആസ്വദിക്കുന്നു
തരളിത ഹൃദയം എന്നെ മനസ്സിലാക്കുന്നു 
പ്രകൃതിതന്‍ ചൂടെനിക്ക് ജന്മമേകി
അതില്‍ തന്നെ എന്റെ മരണവും
അനന്തമാം മഹാസാഗരത്തില്‍ ആഴ്ന്നിറങ്ങി ഞാന്‍ 
സ്നേഹത്തിന്‍ ദിര്‍ഘ നിശ്വാസമായി ഞാന്‍
വയലേലകളിലെ വര്‍ണ്ണപകിട്ടാം മന്ദഹാസമായി ഞാന്‍
അന്ത്യമില്ലത്ത ഓര്‍മ്മകളാവുന്ന 
സ്വര്‍ഗ്ഗത്തിലെ കണ്ണുനീരായി ഞാന്‍ 

സുമ എഴുത്തച്ഛൻ 

2012, ഡിസംബർ 23, ഞായറാഴ്‌ച

ഇതിഹാസത്തിലെ നായകന്‍


                                         


         'Ernest MillerHemingway' 


                                         




          മനുഷ്യര്‍ തമ്മില്‍  നടന്നിട്ടുള്ള യുദ്ധങ്ങളുടെ  കഥ, മനുഷ്യരുടെ തന്നെ കഥയാണ്.  ഇരുപതാം നൂറ്റാണ്ടില്‍  ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും  ഭയാനകമായ  യുദ്ധങ്ങളുടെ കഥ പറഞ്ഞുതന്ന  'Ernest Miller Hemingway' 1961  ജൂലൈ  രണ്ടാംതിയ്യതി ഇഡാഹോവിലെ  സ്വന്തം വസതിയില്‍ വെച്ചു  ആത്മഹത്യ ചെയ്ത  വാര്‍ത്ത കേട്ട്  ലോകം ഞെട്ടി . 

                    '' ആത്മഹത്യ _ ആര്‍ക്കും അത് ചെയ്യുവാനുള്ള  അവകാശമുണ്ട്‌. പക്ഷെ അത് ചെയ്യരുതാത്തതാണ്" എന്ന്   തന്റെ  കഥാപാത്രത്തെകൊണ്ട് (ആര്‍ക്കുവേണ്ടി  മണി  മുഴങ്ങുന്നു ? എന്ന നോവലിലെ  റോബര്‍ട്ട്‌ ജോര്‍ഡാന്‍ ) ഉറക്കെ വിളംബരം  ചെയ്യിച്ച  ആ അസാമാന്യ  ധീഷണ ശാലി  സ്വയം അതിനെ പുണരുകയോ? ലോകത്തിനു വിശ്വസിക്കാന്‍  പ്രയാസം തോന്നി . യാതൊന്നിനും കീഴടങ്ങാന്‍  കൂട്ടാക്കാതിരുന്ന  ആ വലിയ  മനുഷ്യന്‍  താന്‍  ഇച്ഛിച്ച    പാതയിലൂടെ തന്നെ ജീവിത രഥം  തെളിക്കുകയാണ്  എന്ന സത്യം  പുറത്തുവരാന്‍  അധികം വൈകിയില്ല. മരണത്തിന്റെ  മുഖത്തുനോക്കി  പലവട്ടം മന്ദഹസിച്ച  അജയ്യനായ  ആ മനുഷ്യന്റെ  അന്ത്യം സ്വയം  നിശ്ചയിച്ച വിധത്തിലായിരുന്നില്ലെന്കിലെ  ലോകം  അത്ഭുതപെടുകയുള്ളു.ഹെമിംഗ് വേ _ടെ  ജീവചരിത്രകാരന്മാരില്‍ ഒരാളായ 'കര്‍ട്ട് സിന്ഗെര്‍' മായി നടന്ന  ഒരഭിമുഖ -സംഭാഷണത്തിനിടക്ക്  അദ്ദേഹം മരണത്തെപറ്റി പറഞ്ഞത്_ ''ആര്‍ക്കും എന്നും ജീവിക്കാന്‍ സാധ്യമല്ലല്ലോ ,സ്രാഷ്ട്ടാവിനോടുള്ള ആ അവസാന സമരത്തിലും ഒന്നേ ശ്രദ്ധിക്കേണ്ട തുള്ളു, താന്‍ എന്തായിരുന്നുവോ  അതിന്‍റെ പേരില്‍ താന്‍ ഓര്‍മ്മിക്കപ്പെടണം _ യഥാര്‍ത്ഥ മനുഷ്യന്‍ എന്നപേരില്‍".  അദ്ദേഹം തനിക്കു  തോന്നിയതുപോലെ സഞ്ചരിച്ചു , തോന്നിയതുപോലെ  വേട്ടയാടി ,തോന്നിയതുപോലെ  പ്രേമിച്ചു ,തോന്നിയതുപോലെ ജീവിച്ചു,  തനിക്കു തോന്നിയതുപോലെ മരിക്കുകയും ചെയ്തു.ഹെമിംഗ് വേയുടെ അന്ത്യം ലോകത്തെ നടുക്കിയ നാളുകളില്‍ നിരൂപകന്മാരും, ചരിത്രകാരന്മാരും,ആരാധകരും,സുഹൃത്തുക്കളും,എതിരാളികളും  ഏക  സ്വരത്തില്‍ പറഞ്ഞ  അഭിപ്രായമാണിത്. 
                                     ആരാണ് ഹെമിംഗ് വേ ? ജീവിതമൂല്യങ്ങളുടെ തകര്‍ച്ചയെ ചൊല്ലി വിലപിച്ച സാധാരണക്കാരനായ  ഒരെഴുത്തുകാരന്‍ മാത്രമായിരുന്നുവോ അദ്ദേഹം? മോഹഭംഗങ്ങളുടെയും,നിരാശയുടെയും നിഴല്‍ വീണു കിടക്കുന്ന  ഇരുണ്ട കോണിപടവുകളിലിരുന്നു സാഹിത്യ സൃഷ്ടി നടത്തിയ 'നഷ്ടപെട്ടതലമുറ'യിലെ  ഒരെഴുത്തുകാരന്‍ മാത്ര മായിരുന്നോ അദ്ദേഹം?നൂറു ശതമാനവും' അല്ല '  എന്ന് പറയുന്നതായിരിക്കും ശരി .

                                     1923-ല്‍ പ്രസിദ്ധീകരിച്ച 'മൂന്ന് കഥകളും പത്തു കവിതകളും' ആണ് ഹെമിംഗ് വേയുടെ ആദ്യത്തെ കൃതി. എങ്കിലും അംഗീകാരത്തിന്നായി   അദ്ദേഹത്തിനു ഏറെ കാത്തിരിക്കേണ്ടിവന്നു.1926 -ന്റെ അവസാനം'സൂര്യനും ഉദിക്കുന്നു '(The Sun also rises) എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെ  ഹെമിംഗ് വേയുടെ  സാഹിത്യജീവിതത്തില്‍ ഉയര്‍ച്ചയുടെ  പ്രയാണമാരംഭിച്ചു. ഹെമിംഗ് വേ  എന്ന ഇതിഹാസത്തിന്റെയും  ആധുനിക സാഹിത്യത്തിലെ ഒരു പുതിയ  യുഗചൈതന്ന്യത്തിന്റെയും  ആരംഭം ഇവിടെ നിന്നാണ് .

                                   ഒന്നാം ലോകമഹായുദ്ധം  മനുഷ്യനില്‍ ഏല്‍പ്പിച്ച  കടുത്ത  പ്രഹരങ്ങളുടെ  കഥയാണ് 'സൂര്യനും ഉദിക്കുന്നു'.അസംതൃപ്തമായി   നൈമിഷികമായ  സ്നേഹ ബന്ധങ്ങളില്‍ നിന്നും സ്നേഹ ബന്ധങ്ങളിലേക്ക്  സഞ്ചരിക്കുന്ന 'ലേഡി  ബ്രട്ടും'; യുദ്ധം കൊണ്ട് നഷ്ട്ടപെട്ട  ആരോഗ്യവും പൌരുഷവും മറ്റു പലതും മറക്കാന്‍ ശ്രമിച്ചു  സ്വയം നശിക്കുന്ന 'ജൈക്ക് ബാർണ്ണസ്സും ' ;പിന്നെ റോബര്‍ട്ട്‌ കോഹനും , മൈക്ക് കാംബെല്ലുമെല്ലാം  നഷ്ട്ടപെട്ട തലമുറയുടെ  ആത്മാവിന്റെ  പല  ഭാഗങ്ങളായിരുന്നു. ഒരു  കാല ഘട്ടത്തിന്റെ ദുഖങ്ങളുടെയും വിഹ്വലതകളുടെയും, മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും  ആഴങ്ങളിലേക്കാണ്  ഈ കഥാപാത്രങ്ങള്‍  നമ്മെ  നയിക്കുന്നത്. മനുഷ്യത്വത്തെ  ധാര്‍മ്മിക -വശങ്ങളെ പിച്ചി ചീന്തുന്നത്‌ ഹൃദയവേദനയോടെ  നോക്കികാണുകയാണ്  ഹെമിംഗ് വേ. കര്‍ക്കശമായ  ജീവിതത്തോടുള്ള  അമര്‍ഷം രേഖപെടുത്തുവാന്‍  വേണ്ടിതന്നെയാണ് ജീവിതം അദ്ദേഹം ആവിഷ്ക്കരിച്ചതെന്നു പറയാം. 1929 -ല്‍ പ്രസിദ്ധീകരിച്ച ' ആയുധങ്ങളോട് വിട'(Farewell to arms) ഒരതിര്‍ത്തിവരെ  തികച്ചും ആത്മ കഥാപരമാണ്.

                      ''ഒരു വാക്കില്‍  വികാരത്തിന്റെ ലോകം മുഴുവന്‍ ഒതുക്കിനിര്‍ത്തുക, പരുക്കത്തം കൊണ്ട്  ഹൃദയത്തിന്റെ അഗാധതലങ്ങളെ  സ്പര്‍ശിക്കുക ''_ഈ പുതിയ രീതി  പൂര്‍ണ്ണമായി 
വികാസം  പ്രാപിച്ചത് ' ഫെയര്‍ വെല്‍ ടൂ ആമ്സില്‍ ' ആണ്. മാരകമായ  യുദ്ധത്തിന്റെ  പശ്ചാത്തലത്തില്‍  രചിക്കപെട്ട ഈ കൃതിക്ക്  സ്വാനുഭവങ്ങളുടെ  ചൂട്  വൈകാരി കോല്‍ ക്കര്‍ഷം  നല്‍കുമെന്ന്  പ്രത്യേകം  പറയേണ്ടതുണ്ട്.

                                   1932 -ല്‍  പുറത്തിറങ്ങിയ 'അപരാഹ്നത്തിലെ മരണം'(Death in the afternoon) എന്ന  കാളപ്പോരിനെ പറ്റിയുള്ള ഗ്രന്ഥം  ഏറ്റവുമധികം  വിവാദ വിഷയ മായിതീര്‍ന്ന  ഒന്നാണ്. മരണത്തെപറ്റിയുള്ള  ആത്മനിഷ്ഠമായ ഒരു  പഠനവും കൂടിയാണ് 'അപരാഹ്നത്തിലെ മരണം'. "എല്ലാ കഥകളും നീണ്ടു പോകുമ്പോള്‍  മരണത്തില്‍ അവസാനിക്കുന്നു. അത് മാറ്റിനിര്‍ത്തി  കഥ  പറയുന്ന ആളാകാട്ടെ ഒരു നല്ല കാഥികനുമല്ല ", എന്ന് അദ്ദേഹം 'അപരാഹ്നത്തിലെ മരണത്തില്‍' സൂചിപ്പിച്ചു. മരണത്തെപറ്റിയുള്ള ഹെമിംഗ്  വേയുടെ  തത്ത്വ ശാസ്ത്രം ഏറ്റവും മനോഹരമായി  ആവിഷ്ക്കരിച്ചത് ഈ കൃതിയിലാണ്.

                                 സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ  പശ്ചാത്തലത്തില്‍  മിനഞ്ഞെടുത്ത കൃതിയാണ് ''ആര്‍ക്കുവേണ്ടി മണിമുഴങ്ങുന്നു ?''(For whom the bell tolls?). എന്നാല്‍ യുദ്ധം വെറും രംഗവേദി മാത്രമേ  ആകുന്നുള്ളൂ ഈ നോവലില്‍. ശാശ്വതമായ ദു:ഖത്തിന്റെ ഇരുണ്ട കോട്ടകളില്‍  തളച്ചിടപെട്ട  മനുഷ്യാത്മാക്കള്‍ തന്നെ  ഇവിടുത്തെയും മുഖ്യ വിഷയം. പോയ തലമുറ  നേടിയെടുത്ത  സദാചാരമൂല്യങ്ങളെയും ,ആദര്‍ശസംഹിതകളെയും  പുതിയ തലമുറ  പിച്ചിചീന്തുന്നത്‌  ഒരുവശത്ത്‌ , കരകാണാനാവാത്ത  ദു:ഖത്തിന്റെ  അലയാഴിയില്‍  നീന്തിത്തുടിക്കുന്ന  ദുരന്തകഥാപാത്രങ്ങള്‍  മറുവശത്ത്‌. ആദ്യന്ത  വിശകലനത്തില്‍ 'ജോര്‍ഡാറെയും'മറിയയുടെയും' ട്രാജഡിയല്ല  നമ്മെ ദുഖിപ്പിക്കുക, മറിച്ച്  അവരുടെ ദുഖത്തിന്റെ  വ്യര്‍ത്ഥതയാണ്. നാം വിലമതിക്കുന്ന  സദാചാരമൂല്യങ്ങളുടെ  അതിദാരുണമായ ഈ തകര്‍ച്ചയില്‍  ഓരോരുത്തനും  ഉറക്കെ ചോദിക്കുവാന്‍ തോന്നും , ''ആര്‍ക്കുവേണ്ടി മണി മുഴങ്ങുന്നു ?'.

                                ഹെമിംഗ് വേയെ  അനശ്വരനാക്കി തീര്‍ത്ത ''കിഴവനും കടലും''(The Old Man and The Sea) എന്ന നോവല്‍ 1952 -ല്‍ ആണ് പുറത്തിറങ്ങിയത്.ഗള്‍ഫ്‌  സ്ട്രീമിലെ  സാഹസികനായ ഒരു മീന്‍പിടുത്തക്കാരന്റെ കഥയാണിത്‌; ഒപ്പം തന്നിലുള്ള പൌരുഷത്തിന്റെ ശക്തമായ പ്രകാശനവും. ഹെമിംഗ് വേയുടെ  ആദ്യ കൃതികളില്‍  നിന്നും തികച്ചും വ്യത്യസ്തമാണീ നോവല്‍.എണ്പത്തിനാല് ദിവസം തുടർച്ചയായി മീന്‍ കിട്ടാത്ത  ഭാഗ്യദോഷിയാണ്  ആ കിഴവന്‍. ഒരു ദിവസം  അയാള്‍ തനിച്ചു മീന്‍ പിടിക്കാന്‍ പുറപ്പെടുന്നു .കടലിന്റെ അഗാധതയില്‍  മത്സ്യവും തേടി അയാള്‍  അലഞ്ഞു.  ഭാഗ്യം പൂര്‍ണ്ണമായും അയാളെ കൈവെടിഞ്ഞിരുന്നില്ല.ഒരു കൂറ്റന്‍ മത്സ്യം  തന്നെ  കുടുങ്ങി_തന്റെ തോണിയെക്കാള്‍  വലിയ മത്സ്യം. അലറിമറിയുന്ന തിരമാലകളില്‍ പ്പെട്ട് നട്ടം തിരിയുന്ന ആ കൊച്ചു തോണിയിലിരുന്നു അയാള്‍  മത്സ്യവുമായി ഒടുങ്ങാത്ത സമരം പ്രഖ്യാപിച്ചു. മൂന്നു ദിവസം, ഒടുവില്‍ അയാള്‍  മത്സ്യത്തെ കൊന്നു തന്റെ തോണിയോട് ബന്ധിച്ചു. പ്രകൃതി നിയമത്തെ മറ്റാരോ വഞ്ചിച്ചതിന്റെ പേരില്‍ പ്രതികാരത്തിനു പാത്രമായ  ഒരു സാധാരണ വ്യക്തിയായിരുന്നില്ല  ആ കിഴവന്‍. മടക്കയാത്രയില്‍ പ്രതിബന്ധങ്ങളുടെ ഘോഷയാത്രയായിരുന്നു അനുഭവങ്ങള്‍ .ആ അനുഭവങ്ങളില്‍  ആയുധങ്ങള്‍ നഷ്ട്ടപെട്ടിട്ടും പ്രതിബന്ധങ്ങളെ സമചിത്തതയോടെ തരണം ചെയ്തു, മാനസികമായും ശാരീരികമായും തികച്ചും  ക്ഷീണിതനായി , അപ്പോഴും അയാള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു, ''മനുഷ്യനെ നശിപ്പിക്കാം , പക്ഷെ തോല്‍പ്പിക്കാനാവില്ല,പൊരുതും മരിക്കുന്നതുവരെ പൊരുതുകതന്നെ ചെയ്യും''. ഒടുവില്‍ അയാള്‍ കരക്കണയുമ്പോള്‍ കൂറ്റന്‍  ഒരസ്ഥികൂടമുണ്ട്  ബാക്കി വിജയത്തിന്റെയും ത്യാഗത്തിന്റെയും വ്യര്‍ത്ഥതയുടെയുമായ  അസ്ഥികൂടം .

                               ഇവിടെ കിഴവന്‍ 'സാന്‍ഡിയാഗോ'വിലൂടെ  എക്കാലവും മനുഷ്യനെ ചൂഴുന്ന  പ്രശ്നങ്ങളെ കുറിച്ച്  ദാര്‍ശനികമായ ഒരവലോകനം നടത്തുകയാണ് ഹെമിംഗ് വേ. മനുഷ്യന്റെ സങ്കല്‍പ്പങ്ങളെകുറിച്ച് അവയുടെ സാദ്ധ്യതകളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ,മരണത്തെക്കുറിച്ച്,പരാജയത്തെക്കുറിച്ച്, പ്രത്യാശയെക്കുറിച്ച്, എന്തുവന്നാലും ഒടുങ്ങാത്ത മന:സ്ഥൈര്യത്തെക്കുറിച്ച്.ശക്തിയേറിയ ഭാഷയില്‍ ഉപന്യസിക്കുകയാണ് ഹെമിംഗ് വേ. നൂതനമായൊരു  രചനാപാടവം ഈ കൃതിക്ക് പരിവേഷം ചാര്‍ത്തുന്നു. ഒരു വാക്കിനു പകരം മറ്റൊരു വാക്ക് ചേര്‍ക്കനാവാത്തവിധം പൂര്‍ണ്ണമായൊരു കലാസൃഷ്ടി. അതാണ്‌  ''കിഴവനും കടലും''.1953 -ല്‍ അമേരിക്കയിലെ ഏറ്റവും വലിയ സാഹിത്യ സമ്മാനമായ ''പുലിറ്റ് സര്‍''സമ്മാനത്തിനു 'കിഴവനും കടലും' അര്‍ഹമായി. പിറ്റേ വര്‍ഷം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം  'കിഴവനും കടലും'മുന്‍നിര്‍ത്തി Ernest Hemingway ക്ക് നല്‍കി. വിശ്വസാഹിത്യകാരന്‍ എന്ന പദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപെട്ടു.

                             ഹെമിംഗ് വേ ഒരു ഇതിഹാസമായിരുന്നു.ആ പദത്തിന്റെ സമ്പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അനുകരണീയമായ ഒരു ശൈലി അദ്ദേഹം ലോകത്തിനു കാഴ്ച വെച്ചു.
മനുഷ്യനെ പൂര്‍ണ്ണമായി കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം.സമുദായത്തിലെ പൊരുത്തക്കെടുകളെ അദ്ദേഹം നിര്‍ഭയം തുറന്നുകാട്ടി.സര്‍വ്വോപരി മനുഷ്യനിലുള്ള 
നന്മയെ വാനോളം പുകഴ്ത്തുവാനും അദ്ദേഹം മറന്നില്ല.ഹെമിംഗ് വേ ശൈലിയെപറ്റി  'ആല്‍ ഡസ്ഹക്സിലി'പറഞ്ഞു ''വാചകങ്ങള്‍ കൊണ്ടല്ല ഹെമിംഗ് വേ കഥ പറയുന്നത്,
വാചകങ്ങള്‍ക്കിടയിലെ വെള്ള വിടവുകളെ കൊണ്ടാണ് ''.

                      ബോക്സിംഗ് വേദിയില്‍,  പത്രപ്രവര്‍ത്തന ലോകത്തില്‍, യുദ്ധഭൂമിയില്‍,എത്രയെത്ര രംഗങ്ങള്‍ ഏതൊരു മഹാകാവ്യത്തെക്കളും വൈപുല്യമാർന്നതായിരുന്നു സ്വന്തം ജീവിതകാവ്യം .ലളിതസുന്ദരമായ ശൈലിയിലൂടെ സ്വന്തം ജീവിതാനുഭവങ്ങളുടെ മണ്ഡലങ്ങള്‍ അദ്ദേഹം വരച്ചു കാട്ടിയപ്പോള്‍ അത് കുറ്റമറ്റ കലാ സൃഷ്ടികളായി തീര്‍ന്നു.ആധുനിക അമേരിക്കന്‍ സാഹിത്യത്തിനു ഈ മനുഷ്യനില്‍നിന്നുള്ള സ്വാധീനം ഇന്നും അവര്‍ ഉറക്കെ പറയുന്നുണ്ട്. ''മനുഷ്യര്‍ ലോകത്തിലേക്ക് ഇത്രയധികം ധീരതയും കൊണ്ട് വരുന്നുണ്ടെങ്കില്‍ ലോകത്തിനു അവരെ തകര്‍ക്കണം ,തകര്‍ക്കാന്‍വേണ്ടിമാത്രം , പക്ഷെ തകര്‍ന്ന ഇടങ്ങളില്‍ അവര്‍ കൂടുതല്‍ കരുത്തു നേടുന്നു''(ഫെയര്‍ വെല്‍ ടൂ ആംസ് ),ഈ വാചകങ്ങള്‍ മനസ്സില്‍ ഉരുവിട്ടുവേണം ഓരോ  ഹെമിംഗ് വേ കൃതിയും സമീപിക്കാന്‍ .ഹെമിംഗ് വേ കൃതികളെ  അതിനിശിതമായി വിമര്‍ശ്ശിച്ച' നോര്‍മന്‍ മെയ്‌ലേര്‍ (Norman Mailer) എഴുതി , ''ആധുനിക സാഹിത്യത്തെയും ,സാഹിത്യകാരന്മാരയും , യുവതലമുറയെത്തന്നെയും ഏറ്റവുമധികം സ്വാധീനിച്ച ഒരു മഹാനായ സാഹിത്യകാരനായിരുന്നു 'Ernest Miller Hemingway'.''

                        തന്റെ തലമുറയുടെ ധാർ മ്മികാവ ഭ്രംശം അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിച്ചു .രണ്ടു മഹായുദ്ധങ്ങള്‍ കാണുകയും യുദ്ധഭൂമിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിവന്ന അദ്ദേഹം യുദ്ധത്തിന്റെ മാരകമായ വശം പുസ്തകങ്ങളിലൂടെയാണെങ്കിലും ഉൾക്കിടിലത്തോടെ വര്‍ണ്ണിക്കുമ്പോള്‍ സമാധാനപ്രിയനായ ഒരു നല്ല മനുഷ്യന്റെ ചിത്രമാണ് നമ്മില്‍ പതിയുക. മനുഷ്യത്വത്തെ മറ്റെന്തിലുമധികം  മാനിച്ച അദ്ദേഹം ,നിര്‍ഭയത്വത്തെ വാനോളം പുകഴ്ത്തിയ ആ ധീരശാലി,സാന്മാര്‍ഗിക നിയമത്തെ അങ്ങേയറ്റം ബഹുമാനിച്ച ആ ധീഷണശാലി ഒരു ഇതിഹാസമായി ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

 സുമ എഴുത്തച്ഛൻ 

എന്റെ ദേശം



നിറപറ നെല്ലറ നെന്മാറ
വല്ലം വിങ്ങിയ വല്ലങ്ങി
പേരിലുമുണ്ടൊരു മാത്സര്യം
നേര് പറഞ്ഞാല്‍ സൌന്ദര്യം
ഊരിനു പേരുകള്‍ രണ്ടാണ്
നേരില്‍ കണ്ടാല്‍ ഒന്നാണ്
അതിരുകളില്ലാ പൊരുളാണ്
പതിരുകളില്ലാ പയറാണ്
മകര കൊയ്ത്തുകള്‍ കഴിയുന്നു
അകവും മനസ്സും നിറയുന്നു
അല്ലും പകലും കലരുന്നു
അരയും തലയും മുറുകുന്നു