2014, ജനുവരി 14, ചൊവ്വാഴ്ച

''മാര്‍..ജാരന്‍ - ഒരു അവലോകനം''




          "അടക്കിവെക്കല്‍ ആത്മഹത്യയാണ് "എന്ന തലക്കെട്ടോടുകൂടിയ ബോഗ് _ "മാര്‍...ജാരന്‍", ശ്രീ.മണിലാലിന്റെഎഴുത്തുകള്‍ പ്രശസ്തമാണ്.ബ്ലോഗേഴുത്തില്‍ നിന്നും പു സ്തകമെഴുത്തിലേക്കുള്ള ഒരു കുതിച്ചുകയറ്റമാണ് ശ്രീ.മണിലാലിന്റെ "മാര്‍...ജാരന്‍" എന്ന പുസ്തകം. ശ്രീ.വി.കെ.ശ്രീരാമന്റെ അവതാരികയോടൊപ്പം വ്യത്യസ്തമായ നാല്പ്പത്തിയന്ച് കുറിപ്പുകള്‍ അടങ്ങുന്നതാണ് ഈ പുസ്തകം.



     'കുട്ടിയായ ദൈവം കണ്ട ലോകം',എന്ന ശ്രീ.വി.കെ.ശ്രീരാമന്റെ അവതാരികയിലൂടെ,' മണിലാല്‍ 'എന്ന വ്യക്തിയെ അറിയുന്നു.വീട് ഒരു താല്‍ക്കാലിക വിശ്രമാലയം .വീടിനു പുറത്താണ് മനുഷ്യന്റെ ജീവിതം..ശരിയാണ്,അതുകൊണ്ടാവാം ഈ എഴുത്തുകാരന്‍ വീടെന്ന ചെറിയ ലോകം ഉപേക്ഷിച്ചു ലോകമെന്ന അനന്തതയിലേക്ക് പറക്കുന്ന ഒരു ദേശാടനപക്ഷിയായത്.സ്വന്തം അനുഭവങ്ങളുടെ മാറാപ്പുകള്‍ മാത്രമടങ്ങിയ തോള്‍സഞ്ചിയുമായി ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്കും,മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കുമുള്ള പ്രയാണത്തിന്റെ ഫലമാവാം ഈ എഴുത്ത്.തീപ്പെട്ടികൂടില്‍ കൌതുകം കണ്ടെത്തുന്ന ശിശുവായ ദൈവം കണ്ട സത്യമായ ഈ താളുകള്‍ തുറന്ന എഴുത്തിലൂടെ വായനക്കാര്‍ക്കുമുന്നില്‍ കാഴ്ചവെച്ചിരിക്കുന്നു.ഓരോ കുറിപ്പും ഓരോ അനുഭവം, ഒന്നില്‍നിന്നും ഒന്നിലേക്കുകടക്കുമ്പോള്‍ നമുക്ക് ശരിക്കും മനസ്സിലാവുന്നു എഴുത്തുകാരനെത്തന്നെ നമുക്കുമുന്നില്‍ തുറന്നുവെച്ചിരിക്കുന്നു എന്ന്.അത്രക്കും തുറന്ന എഴുത്ത് .ഇത്രക്കും തുറന്നെഴുതാന്‍ ഒരുപക്ഷെ എല്ലാ എഴുത്തുകാര്‍ക്കും കഴിഞ്ഞെന്നുവരില്ല



         കപടലോകത്തില്‍ മുഖംമൂടികളുമായി ജീവിക്കുന്ന ശരാശരി മനുഷ്യന്റെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും വഴിയിലെ അനുഭവങ്ങളും
ചിന്തകളുംകാഴ്ചപാടുകളുമെല്ലാം ഏതൊരു വായനക്കാരനും മനസ്സിലാക്കാന്‍കഴിയുന്ന രീതിയില്‍ വളരെരസകരമായി     മനോഹരമായ ഭാഷയില്‍അവതരിപ്പിച്ചിരിക്കുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനും മാത്രമല്ല,ഏതൊരു വായനക്കാരനും സ്വന്തം അനുഭവങ്ങള്‍ക്കുപിറകിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാനും ഈ എഴുത്ത് പ്രേരിതമാകുന്നു.സാധാരണ മനുഷ്യ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ ചെറിയ അനുഭവങ്ങള്‍പോലും എഴുത്തിലൂടെ ഇത്ര രസകരമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കികൊടുക്കുന്നു

.           ദേശാന്തരസഞ്ചാരങ്ങള്‍,വ്യക്തികള്‍,സൌഹൃദം,സാഹിത്യം,രാഷ്ട്രീയം,സദാചാരം,കമ്മ്യുണിസം, മനുഷ്യത്വം,നന്മ,നര്‍മ്മം,പ്രണയം,ലൈംഗീകത,തോന്ന്യാവസങ്ങള്‍,ഗൃഹാതുരത്വം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു..ഓരോന്നും അതിനനുയോജ്യമായ ഭാഷയില്‍ വളരെ തന്മയത്ത്വത്തോടെ തികഞ്ഞ സത്യസന്ധതയോടെ അവതരിപ്പിക്കാന്‍ ശ്രീ.മണിലാലിന് കഴിഞ്ഞിരിക്കുന്നു. 

         
             
        മനസ്സിലെ സ്വാസ്ഥ്യവും അസ്വാസ്ഥ്യവും അനുഭവ -        ങ്ങളും   വെളിച്ചംപോലെ  മനസ്സിലേക്ക്  അരിച്ചുകയറുന്ന  ഓര്‍മ്മ-   കളായി  വാക്കുകളും വാചകങ്ങളുമായി  മനോഹരമായ ഭായില്‍ ഒഴുകിവരുമ്പോഴുള്ള   മാനസ്സിക സംഘര്‍ഷം ....    അത് കടലാസിലേക്ക് പകര്‍ത്തി കഴിയുമ്പോഴുള്ള ആത്മസംതൃപ്തി....
''എഴുത്തിലെ മൂല്യങ്ങള്‍ പരിപ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുമ്പോഴാണ്
ആസ്വാദനമായി ത്തീരുന്നത്.അത് വല്ലാത്തൊരു ആത്മസാക്ഷാത്ക്കാ-
രമാണ് ''..അത് ഈ എഴുത്തുകാരന് സാധിച്ചു.