2014, മേയ് 5, തിങ്കളാഴ്‌ച

''നർമ്മം പൊതിഞ്ഞ എഴുത്താണി ''

മെയ്‌ അഞ്ച് _ കുഞ്ചൻ ദിനമായി ആചരിക്കുന്നു.

                             ജനകീയ പ്രവണതകൾ പ്രതിഫലിച്ചിരുന്ന ഒരു കവി ആയിരുന്നു
ശ്രീ.കുഞ്ചൻ നമ്പ്യാർ .തികച്ചും പരിഹാസ്യ സാമൂഹ്യ വിമർശനം തുളുമ്പുന്ന
ഒന്നാണ് നമ്പ്യാർക്കവിതകൾ .കേരളീയത നിറഞ്ഞു നിൽക്കുന്ന നമ്പ്യാർക്കവിത
കളിൽ പ്രകൃതി,നാടൻ തത്ത്വചിന്തകൾ,നാടൻ വിനോദങ്ങൾ,ഉത്സവങ്ങൾ,
അങ്ങാടി വാണിഭം,ചികിത്സ,കൃഷിയറിവുകൾ ,കാട്ടറിവുകൾ ,നാട്ടുസംഗീതം,
മുത്തശ്ശി ചൊല്ലുകൾ തുടങ്ങിയ പലതും നമുക്ക് ദർശിക്കാം.സമൂഹത്തിലെ
തിന്മകളെ തൻറെ നർമ്മത്തിന്റെ ശൈലിയിലൂടെ എത്ര മനോഹരമായാണ്
അദ്ദേഹം വിമർശിച്ചിട്ടുള്ളത് .

                               ചുറ്റുപാടും കണ്ട അസംസ്കൃതങ്ങളും അപൂർണ്ണങ്ങളുമായ 
ജനകീയ ഗാന രീതികളിൽ ഉചിതമായവ തിരഞ്ഞെടുത്ത് പരിഷ്ക്കരിച്ച് നവ്യവും ചൈതന്യമാർന്നതുമായി മിനഞ്ഞെടുത്ത കാവ്യകലാശില്പമാണ്
തുള്ളൽ.സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവരുടെ ഭാഷയിൽ 
തികച്ചും ലളിതവും ശുദ്ധവുമായ ശൈലിയാണ് തുള്ളലിൽ അദ്ദേഹം സ്വീകരിച്ചത്.


                                                 ''ഭടജനങ്ങടെ നടുവിലുള്ളൊരു
                                                  പടയണിക്കിഹ ചേരുവാൻ
                                                  വടിവിയന്നൊരു ചാരു -
                                                   കേരള ഭാഷ തന്നെ ചിതം വരൂ 
                                                    കടുകടെപ്പടുകഠിന സംസ്കൃത
                                                    വികടകടുകവികേറിയാൽ
                                                     ഭടജനങ്ങൾ ധരിക്കയില്ല 
                                                      തിരിക്കുമൊക്കെയുമേറ്റുടൻ.''
 സാധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായാണ്‌ നമ്പ്യാരെ വിശേഷിപ്പിച്ചിരുന്നത്.മലയാളത്തിലെ പ്രസിദ്ധ നിരൂപകൻ കെ .പി .അപ്പൻ' ജ്ഞാനിയായ വിദൂഷകൻ'എന്ന്  വിശേഷിപ്പി ക്കുന്നു.മലയാള ഭാഷ നിലനിൽക്കുന്നിടത്തോളം കുഞ്ചൻ നമ്പ്യാരുടെ യശസ്സും നിലനില്ക്കുന്നതാണ്.

നമ്മെയൊക്കെ ചിരിപ്പിച്ച ഈ എഴുത്താണി ഇന്നും ലക്കിടിയിലെ കുഞ്ചൻ സ്മാരക വായനശാലയിൽ സുരക്ഷിതം 

കാലനില്ലാത്തൊരു കാലത്തെക്കുറിച്ച്........

''വൃദ്ധന്മാരൊരുകൂട്ടംനിറഞ്ഞു ഭൂതലംതന്നിൽ
ചത്തുകൊൾവതിനേതും കഴിവില്ല; കാലനില്ല
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല ;
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോൾ
കുഞ്ഞായിട്ടിരിക്കുന്നു ,അപ്പൂപ്പനവർക്കുണ്ട്,

കഞ്ഞിക്കു വകയില്ല വീടുകളിലൊരിടത്തും 
കുഞ്ഞുങ്ങൾക്കെട്ടുപത്തു പറയരി കൊണ്ടുപോരാ ..''