2013, ജനുവരി 22, ചൊവ്വാഴ്ച

"''വൃദ്ധിയുടെ പതനം ''


ചക്രവാളത്തിലെ കറുത്ത മേഘപാളികള്‍ ,
അവയ്ക്ക് മുകളിലേക്ക് കയറിവരുന്ന 
പ്രഭാതസൂര്യന്‍  
ഉത്സാഹത്തോടെ ചിരിക്കുന്നു.
രാത്രിമഴയില്‍ ശുദ്ധമായ പചിലതഴപ്പുകളില്‍ 
അവന്റെ ചിരി പ്രതിഫലിച്ചു ...,തിളങ്ങി...,
ആകാശ നീലിമയില്‍ ശോഭിക്കുന്ന സൂര്യബിംബം
ജീവിത പചിലചാര്‍ത്തുകളില്‍ 
പച്ചപുതച്ച വസുന്ധരയില്‍, മന്ദഹാസത്തിന്റെ
ശോഭ പകരുന്ന സുഖകരമായ
അവന്റെ ഇളം ചൂടില്‍ പ്രകൃതി സുഖിക്കുന്നു;
ഉഷസ്സിന്റെ മരണം...
തേജസ്സിന്റെ വികാസച്ചക്രത്തിലെ ഒരു പതനം.
ഉഷസന്ധ്യയില്‍ ചക്രവാളത്തിന്റെ
മുഖം തുടുപ്പിച്ചു സുവര്‍ണ്ണ കളേബരനായി
അവന്‍ ഉയര്‍ന്നുവന്നു..
ആകാശത്തിന്റെ ഉച്ചിയിലേക്ക് കുതിച്ചു
സ്വന്തം ചൂടില്‍ സ്വയം തപിച്ചു ക്രുദ്ധനായി
ആകാശമദ്ധ്യത്തില്‍ അവന്‍ ജ്വലിച്ചു നിന്നു .
വെളിച്ചത്തിന്റെ കാഴ്ചകള്‍ കാണിക്കുന്ന ,
നോക്കുന്നവര്‍ക്ക് കാഴ്ച നഷ്ട പെടുത്തുന്ന
അത്യുഗ്ര കിരണനായി അവന്‍ തപിക്കുന്നു.
ഉഷസ്സില്‍ താലോലിച്ച ഹരിതപ്രകൃതിയെ
ചുട്ടെരിക്കാന്‍ വെമ്പല്‍ കൊണ്ട് ..,
സമുദ്രങ്ങളെ വറ്റിക്കാന്‍ കഴിയാത്തതില്‍
ക്രുദ്ധനായി വിറകൊള്ളുന്നു;
ആയുസ്സിന്റെ വൃദ്ധിയിലെ അവസ്ഥാന്തരം
മദ്ധ്യാഹ്നം ...
ഒടുവില്‍ എരിഞ്ഞടങ്ങുന്ന ചിതാകുണ്ടം പോലെ
അടിഞ്ഞുകൂടിയ പശ്ചിമ ചക്രവാള ച്ചെരുവില്‍
രക്തം വാര്‍ത്ത്തവന്‍ ചരമമടയുന്നു;
വൃദ്ധിയുടെ പതനം........
ഭിന്നമായ പല പതനങ്ങളില്‍ ഒരു പതനം."

2013, ജനുവരി 10, വ്യാഴാഴ്‌ച

നിദ്ര

നിദ്രേ ! നിന്നേത്തേടി
അലയുന്നു ഞാന്‍
നിശയുടെ നിശ്ശബ്ദ
യാമങ്ങളില്‍.

എങ്കിലും നിദ്രേ !!
എൻ സഖി ...;

നിനക്കായ് കാത്തു 
കിടക്കുമെൻ 
മിഴിപൂക്കളോടിത്രയേറെ 
പിണക്കമോ ...
ഈ നിശതൻ 
മൂന്നാംയാമാത്തിലും 

എന്‍ മിഴി
കോണില്‍ നിന്നും
അകലേ ..അങ്ങകലേ
എങ്ങു നീ
പോയ്മറഞ്ഞു.

നിന്നെ പുണരാന്‍
വെമ്പുമെന്‍ മിഴിയിണകള്‍
തലോടാന്‍ എന്തേ -
നീ മറന്നു പോകുന്നു.

നിശ്ശബ്ദയാം,
ശാന്തയാം.. നിന്നെ
ഒരിക്കലുമുണരാതെ പുല്‍കാന്‍
എന്‍ മനം കേഴുന്നു.

സുമ എഴുത്തച്ഛൻ