2013, നവംബർ 15, വെള്ളിയാഴ്‌ച

സഹയാത്രിക

എന്റെ യാത്രയിലെ 
വഴികളിലെപ്പോഴോ          
സഹയാത്രിയായ് ..
അവള്‍ ഉണ്ടായിരുന്നു,
സന്തോഷം......
അവള്‍ വാചാലയായിരുന്നു 
വഴിയുടനീളം
വാക്ചാതുര്യമണിഞ്ഞവള്‍ 
പാതിവഴിയില്‍ 
വഴിപിരിഞ്ഞുപോയി..

പിന്നീടെപ്പോഴോ 
സഹയാത്രിയായ്‌ 
അവള്‍ എത്തി ..ദു:ഖം...
അവള്‍ മൌനിയായിരുന്നു 
അവളുടെ മൌനം 
എന്നോടുള്ള ആത്മാര്‍ഥതയായ്‌ 
നിലകൊള്ളുന്നു 
സഹയാത്രിയായ്‌ വഴിപിരിയാതെ 
എനിക്കൊപ്പം സഞ്ചരിക്കും ദു:ഖമേ ..
നീയേ ശാശ്വതമെന്നറിയുന്നു ഞാന്‍.

2013, നവംബർ 5, ചൊവ്വാഴ്ച

രാവിന്റെ സൌരഭ്യം



രാവിന്റെ ഉറക്കുപാട്ട്......അസ്തമിക്കാറായ നിലാവ് ..!!!
ഭൂമിയിലൂടിഴയുന്ന തണുത്ത രാവ്..

നിശ്ശബ്ധയായ് അവള്‍ ഇഴയുന്നു.
അതാ!അവള്‍ ആ വൃക്ഷച്ച്ചുവട്ടില്‍ ,
ആ വൃക്ഷത്തേയും വിഴുങ്ങി
വൃക്ഷത്തിന്റെ നിഴലിനേയും കട്ടെടുത്തു ..

പുല്ക്കൊടികളെ ആലിംഗനം ചെയ്യുന്ന 
അവളുടെ പുതപ്പിന്റെ മര്‍മ്മരം ഞാന്‍ കേള്‍ക്കുന്നു 
അവളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇരുളിന്റെ സൌരഭ്യം..
അനന്തമായ ആകാശത്തിലും,ഭൂമിയിലും,
വായുവിലും എല്ലായിടത്തും അവള്‍ വാരി വിതറി ..
ഞാനൊളിച്ചിരിക്കുന്ന മുറിക്കുള്ളിലും അവളെത്തി 
ഏകയായ എനിക്ക് കൂട്ടിനെന്നോണം .....
പക്ഷെ..,മുറിക്കുള്ളില്‍ മുനിഞ്ഞു കത്തുന്ന 
മെഴുകുതിരി വെട്ടത്തെ കെടുത്താനവള്‍ക്കായില്ല 
ഞാന്‍ രാവിനെ തുറിച്ചു നോക്കി
തികഞ്ഞ ഗൌരവത്തോടെ അവള്‍ എന്നെയും
തുറിച്ചുനോക്കുന്നു ഒരു ചെറുപുഞ്ചിരിയോടെ 
നിനക്ക് ഞാനില്ലേ എന്ന ഭാവത്തില്‍ ....
മുനിഞ്ഞ വെട്ടമണച്ചു,അവളിലെ 
അന്ധകാരത്തെ ഏറെ സ്നേഹിച്ച് 
അവളിന്‍ അഗാധതയില്‍ ഞാന്‍ അലിഞ്ഞിറങ്ങട്ടെ ....... 



സുമ എഴുത്തച്ഛൻ